Wednesday, October 15, 2008

കമല കഥകള്‍ ‍- വാല്യം അഞ്ച്- ഫാര്‍‌മക്കോപ്പിയ

ഫാര്‍മക്കോളജി ലാബില്‍ ചീനപ്പാത്രത്തില്‍ കാര്‍മിനേറ്റീവ് മിക്സ്ചര്‍ കലക്കേണ്ടതായിരുന്നു കമല. നേരം ഊണുകഴിഞ്ഞ ഉച്ച, ഇരിപ്പ്‌ ഫാനിനു കീഴെ, ഗൗരവമില്ലാത്ത സംഗതിയെന്നതിനാല്‍ ലാബില്‍ സൂപ്പര്‍‌വിഷനു പീജിപ്പിള്ളേര്‍ മാത്രം.. അങ്ങനെ എല്ലാം ഒത്തുകിട്ടുകയെന്ന അസുലഭ ഭാഗ്യത്തിന്റെ തേരിലേറി കമല ഒന്നു മയങ്ങിപ്പോയെന്നത് നേര്‌.

ആര്‍ക്കും ഒരു ഉപദ്രവവും ഉണ്ടാക്കാതെ മരക്കസേരയില്‍ ചാഞ്ഞുകിടന്ന്‌, പഴയ തമിഴ് സിനിമയില്‍ വില്ലന്‍ വെടിയേറ്റു മലച്ചുകിടക്കുന്നപോലെ, കോട്ടിന്റെ പോക്കറ്റില്‍ കൈയുമിട്ടു വായും പൊളിച്ച് നിദ്രപൂണ്ടതായിരുന്നു കമല. തരുണീമണികള്‍ കലപിലകൂട്ടിക്കൊണ്ട് പിപ്പറ്റെടുത്ത് നിലത്തിട്ടതോ, കഷ്ണങ്ങള്‍ വാരി മുമ്പില്‍ കൊണ്ടിട്ടതോ കമല അറിഞ്ഞതുമില്ല.

സ്വതസിദ്ധമായ ശൈലിയില്‍ കൂര്‍ക്കം വിട്ടുകൊണ്ട്‌ ഉറങ്ങിയ കമല ഉറക്കമുണര്‍ന്നത് മുഖത്ത് മഴ പെയ്യുന്നതായി സ്വപ്നം കണ്ടപ്പോഴാണ്‌. മഴയുടെ കൂടെ മിന്നലും ഇടിവെട്ടുമുണ്ടായിരുന്നുവെന്നു മാത്രം. വയറുനിറച്ച് ചീത്തയും കൊടുത്തുകൊണ്ട് പ്രൊഫെസ്സര്‍ ലാബില്‍ നിന്നും ഇറക്കിവിട്ടപ്പോള്‍ കമലയ്ക്ക് ഒന്നും മനസ്സിലായില്ല. ക്ലബ്ബിന്റെ മാനംകാക്കാന്‍ വേണ്ടി, ഇറക്കി വിട്ടതല്ല, പാസ്റ്റ് പെര്‍ഫെക്‍റ്റ് കണ്ടിന്യുവസ് ടെന്‍സില്‍ , സ്വയം ഇറങ്ങിപ്പോന്നതാണെന്നു വരുത്തി, അഭിമാനത്തോടെ, കണ്ണും തിരുമ്മി നെഞ്ചും വിരിച്ച് ഇറങ്ങിയ കമലയ്ക്ക്, ഇരുന്നുറങ്ങിയതിനു മാത്രല്ല, ഉപകരണമുടച്ചതിനു കൂടിയാണു ശിക്ഷയെന്നതു പിന്നീടാണു മനസ്സിലായത്.

ചായവെള്ളം തിളക്കുന്നതിനു മുന്‍പ് മെസ്സില്‍ ചെന്നതിന്, മനസ്സില്‍ തെറിവിളിച്ചുകൊണ്ടാണെങ്കിലും, ചോറു പാത്രം മോറുന്നതു നിര്‍ത്തി അന്ത്രുമാന്‍ കുശലവുമായി കുണുങ്ങിയെത്തി. 'ഓ, പ്രാക്റ്റിക്കല്‍ ഇന്നു നേരത്തെ തീര്‍ന്നു' വെന്ന ഒഴുക്കന്‍ മട്ടിലുള്ള മറുപടി, 'എന്നിട്ടു മറ്റുള്ളോരേടെ' എന്നു തുടങ്ങുന്ന ചോദ്യങ്ങള്‍ക്കു വഴി തെളിക്കുമെന്നറിയാമായിരുന്നതിനാല്‍ ‍, കമല ഇറങ്ങി പോര്‍ട്ടിക്കോയില്‍ ചെന്നിരുന്നു. രാവിലെ, തിയറിക്ലാസില്‍ പോവാതെ, വായിച്ചു മന:പാഠമാക്കിയ ദിനപത്രങ്ങളിലൂടെ ഒരാവര്‍ത്തി കൂടി കണ്ണോടിച്ചുവെന്നല്ലാതെ,ഒന്നിലും മനസ്സുറക്കാതെ, ആകെക്കൂടി ച്യൂയിങ്ഗം വിഴുങ്ങിയ തവളയെപ്പോലെയുള്ള അവസ്ഥയുമായി, പിന്നീട് കമല ഫോണ്‍ റൂമില്‍ ചെന്നിരുന്നു. മാഞ്ചെസ്റ്ററുകളായ ലലനമാര്‍ , അപൂര്‍ണ്ണ ശ്മശ്രുക്കളായ പൂവന്‍‌മാരെ വിളിക്കാനുള്ള സമയം ആവുന്നതേ ഉണ്ടായിരുന്നുള്ളൂവെന്നതിനാല്‍ യതൊരു ഉല്‍ക്കണ്‌ഠയുമില്ലാതെ, വെറുതെ റിസീവറെടുത്ത് വല്ല ശൃംഗാരവും റൂട്ടു മാറി വരുന്നുണ്ടോയെന്നറിയാന്‍ ചെവിയോര്‍ക്കവേയാണു കമലയുടെ മുതുകത്ത് ഒരു മുന്നറിയിപ്പുമില്ലാതെ ആ കൈ‍ പതിഞ്ഞത്. കള്ള ഫോണ്‍ പിടിക്കാന്‍ വാര്‍ഡന്‍ വന്നതാണെന്നു കരുതി ഞെട്ടിത്തിരിഞ്ഞ കമല നിമിഷങ്ങള്‍ക്കകം മനസ്സാന്നിധ്യം വീണ്ടെടുത്തു പൂര്‍‌വ്വാശ്രമം പ്രാപിക്കുകയും ചെയ്തു.

തഥാഗതന്‍ , പ്രൈവറ്റ് ആശുപതികളിലേക്ക് നൈറ്റ് ഡ്യൂട്ടിക്കു ഡോക്ടര്‍മാരെ ഏര്‍പ്പാടു ചെയ്ത് കമ്മീഷന്‍ പറ്റി കാലം കഴിച്ചു പോന്ന ഒരു പരാന്നഭോജിയായിരുന്നു, പരം‌പരാഗണത്തില്‍ അഗ്രഗണ്യനുമായിരുന്നു; അക്കഥ വേറെ. ദൂരെയൊരിടത്ത് ഒരാശുപത്രിയിലുള്ള ഡോക്ടര്‍ക്കു അത്യാവശ്യമായി എങ്ങോട്ടോ പോവണമെന്നതിനാല്‍ രാത്രി ആളെ വേണം, നോക്കിയിട്ട് കോഴ്സ് കഴിഞ്ഞവരെയോ സ്ഥിരമായി പോവുന്നവരെയോ കിട്ടാനുമില്ല എന്ന സ്ഥിതി. വല്ലവനും പനിച്ചുകിടക്കുന്നുണ്ടെ‍ങ്കില്‍ ഉന്തിത്തള്ളി വിടാമെന്നു കരുതിയാണു അല്പകായന്‍ ‍, അനോണിമസ്, വന്നിരിക്കുന്നത്. സ്വതവേ മൂഢനെപ്പോലെയും ഇപ്പോള്‍ ഇതികര്‍ത്തവ്യനുമായുമിരിക്കുന്ന കമല തന്നെ പറ്റിയ കാന്‍ഡിഡേറ്റെന്നു ടിയാന്‍ തീര്‍ച്ചപ്പെടുത്തുകയും ചെയ്തു.

തികഞ്ഞ ഗൗരവത്തോടെ, താനിതൊക്കെ എത്ര പോയിരിക്കുന്നുവെന്ന മട്ടില്‍ , പോകാന്‍ താല്പര്യമില്ല, നിര്‍‌വാഹവുമില്ലായെന്നു്‌ പേര്‍ത്തും പേര്‍ത്തും പറഞ്ഞത്‌ ഒടുവില്‍ കമലയ്ക്കു തന്നെ വിനയാവുകയും ചെയ്തു. അറിയാത്തപിള്ളയെ മാത്രമല്ലേ ചൊറിഞ്ഞു പഠിപ്പിക്കേണ്ടതുള്ളൂ എന്ന തത്വശാസ്ത്രത്തിന്റെ വക്താവായ അല്പകായന്‍ , ഇവന്‍ തന്നെ ഇരയെന്നു തീരുമാനിച്ചുറപ്പിച്ചു. ഒട്ടുനേരത്തെ ശ്രമഫലമായി, ഒട്ടും രോഗികളുണ്ടാവില്ല, ഉറക്കത്തിനു യാതൊരു അല്ലലുമുണ്ടാവില്ല, പോരുമ്പോള്‍ രാവിലെ എണ്ണൂറു രൂപ കൈയില്‍കിട്ടും എന്നുമൊക്കെയുള്ള പ്രലോഭനങ്ങളില്‍ ‍‌, ഇലക്ഷന്‍ മാനിഫെസ്റ്റോ വായിച്ച് വോട്ടിനു പോവുന്ന മിഡില്‍ക്ലാസ്സിനെപ്പോലെ, കമല വീണുപോയി.

അഞ്ചുമണിക്കുള്ള കോളേജുബസ്സില്‍ , വസന്ത പിടിച്ച കോഴിയെപ്പോലെ ഒരുകോണില്‍ ഒറ്റയ്ക്കു മാറിയിരുന്ന്, ചോദ്യശരങ്ങളൊഴിവാക്കിക്കൊണ്ട് തൊട്ടും തൊടാതെയും‌ കമല പുതിയ സ്റ്റാന്‍ഡിലെത്തി; ലൈന്‍ ബസ്സുപിടിച്ച് ഏഴരയോടെ സംഭവസ്ഥലത്തുമെത്തി.

പൂച്ചെണ്ടും, നാരങ്ങാവെള്ളവുമൊക്കെയായി ഉപചാരപൂര്‍‌വ്വം ആനയിക്കപ്പെടുമെന്നു കരുതി വാതില്‍ക്കല്‍ കാത്തുനിന്ന കമലയ്ക്ക്, നിമിഷങ്ങളോളം, അപമാനിക്കപ്പെട്ടതായിത്തോന്നി. കമലക്ലബ്ബിന്റെ അഭിമാനസ്തംഭം, തിരിച്ചിങ്ങു പോരാന്‍ , പാതിദൂരം പിന്നിട്ട മൈക്കിള്‍ ഫെല്‍‌പ്സിനെപ്പോലെ, പടി ചവിട്ടിയുന്തി തിരിയവേയാണു 'എന്താ വേണ്ട്യേ' എന്ന ചോദ്യത്തോടെ ഒരുത്തന്‍ വന്നു വിളിക്കുന്നതും ക്ഷമാപണത്തോടെ കൂട്ടിക്കൊണ്ടു പോവുന്നതും. മെഡിക്കല്‍ കോളേജിലെ ഡോക്ടറാണ്‌ വരികയെന്നു കരുതിയതാണ്‌, ആളു മാറിപ്പോവാനും തന്മൂലമുള്ള മാപ്പു പറച്ചിലിനും ഹേതുവായതത്രെ. അത്രെ തത്രെ, ഇപ്പോള്‍ വേണ്ട, എന്നാല്‍ ,പോവുന്നതിനുമുന്‍പ് താന്‍ തന്നെ ഇവനെ മര്യാദ പഠിപ്പിക്കേണ്ടി വരുമെന്ന് കമല മനസ്സില്‍ നോട്ടു ചെയ്യുകയും ചെയ്തു. അതായത്‌ കമല സുസ്മേര വദനനായിക്കാണപ്പെട്ടുവെന്നര്‍ത്ഥം.‍

ഒമ്പതര മണിവരെ കാര്യങ്ങള്‍ സ്‌മൂത്തായിപ്പോയതില്‍ കമലയ്ക്ക് ചെറിയതോതില്‍ സന്തോഷം തോന്നാതുമിരുന്നില്ല. ഇടയ്ക്കു വന്ന രണ്ടുകേസുകള്‍ വിജയകരമായി കൈകാര്യം ചെയ്തു വിട്ടത് കമലയുടെ ആത്മവിശ്വാസത്തെ ഒട്ടൊന്നുമല്ല പൊലിപ്പിച്ചത്. അമോക്സിസിലിനും പാരസെറ്റമോളുമൊക്കെയായി പ്രിസ്‌ക്രിപ്‌ഷനില്‍ അതു പ്രതിഫലിച്ചത്‌ ഫാര്‍മസിസ്റ്റിനേയും, തദ്വാര മുതലാളിയേയും സന്തോഷിപ്പിച്ചുവെന്നതു കമലയ്ക്ക്‌ അനര്‍ഗ്ഗളമായ ആഹ്ലാദം നല്‍കി. ഹോസ്റ്റലില്‍ നിന്നിറങ്ങുമ്പോള്‍ മഞ്ജിഷിനോട് കാര്യങ്ങള്‍ ചോദിച്ച് മന‍സ്സിലാക്കിയതിലും അതു ക്ലിക്കു ചെയ്തതിലും സംതൃപ്തനായ കമല, ഇത്രയും കാലം ഇതില്‍ ഏര്‍പ്പെടാന്‍ തോന്നാഞ്ഞത് തികഞ്ഞ അരാജകത്വമായിപ്പോയെന്ന ഒരു പ്രബന്ധം, ക്ലബ്ബില്‍ അവതരിപ്പിക്കുന്നതിനായി, മനസ്സില്‍ ഡ്രാഫ്റ്റ് ചെയ്യുകയും ചെയ്തു.

പിന്നീട് അയിലക്കറിയും ചോറും തിന്ന്‌ മുകളിലോട്ടു പോയ കമല, ജനല്‍ തുറന്നു പാടത്തെയും, വെള്ളിനിലാവത്ത് പരല്‍മീനുകള്‍ പുളയ്ക്കുന്ന പുഴയേയും നോക്കി തെല്ലിട നിര്‍ന്നിമേഷനായി നിന്നു. നിലാവും പാടവും ഇളം‌കാറ്റും, വിരിഞ്ഞുലയുന്ന നെല്‍ക്കതിരുകളും, നിറഞ്ഞ വയറും തന്നെ ഒരു കവിയാക്കി മാറ്റിയേക്കുമെന്ന ശങ്ക മൂത്തുവന്നപ്പോള്‍ , ക്ലബ്ബിന്റെ അമരക്കാരനായ താന്‍ തരളിതനായിക്കൂടാ എന്നു കരുതി, വിഷയം മാറ്റാനായി, കമല താഴെ കാഷ്വാല്‍റ്റിയിലേക്കു പാളി നോക്കി. നൈറ്റ്ഷിഫ്റ്റിലുള്ള സിസ്റ്റര്‍മാര്‍ ‍, മംഗളത്തിന്റെ മിടിക്കുന്ന പേജുകള്‍ വിറയാര്‍ന്ന ചുണ്ടുകള്‍ക്കുള്ളില്‍ ചവച്ചരച്ചു തിന്നുന്നതു കണ്ടപ്പോള്‍ , കമല അസ്വസ്ഥനായി. ലൈറ്റണച്ച് കിടന്നു, കിടന്നു കൊണ്ട് ശൈലീഭംഗമില്ലാതെ കൂര്‍ക്കം വലിയും തുടങ്ങി.

പുലര്‍ച്ചെ നാലു മണിക്കു ശബ്ദം കേട്ടു ജനലില്‍ക്കൂടി താഴോട്ടു നോക്കിയ കമല കാണുന്നത്‌ ഒരു ജീപ്പു നിറയെ പുരുഷാരം കാഷ്വാല്‍റ്റിയിലേക്കു ആരെയോ പൊക്കിപ്പിടിച്ച് കുതിക്കുന്നതാണു്‌. ചെന്നപ്പോള്‍ , എന്തോ കുഴപ്പം പിടിച്ച കേസാണ്‌, നോക്കിയിട്ട്, ഒരെത്തും പിടിയും കിട്ടുന്നുമില്ല. ഒരു വിവരവുമില്ലാത്ത തേര്‍ഡ് ഇയര്‍ വിദ്യാര്‍ത്ഥിയാണു താനെന്നറിഞ്ഞാല്‍ ബോധം കെട്ടുകിടക്കുന്ന രോഗി കൂടി തല്ലാനെണീക്കുമെന്ന ബോധ്യമുള്ള കമല, പാരസെറ്റമോള്‍ ഇഞ്ചക്ഷന്‍ കൊടുക്കാന്‍ സിസ്റ്ററോടു തഞ്ചത്തില്‍ പറഞ്ഞ്, ചോദ്യോത്തരങ്ങള്‍ക്കു നില്‍ക്കാതെ, വെളിക്കിരിക്കാന്‍ മുട്ടിയ അതിസാര രോഗിയെപ്പോലെ റൂമിലേക്കു പാഞ്ഞു............

ആയുസ്സിന്റെ ബലം കൊണ്ടോ, എക്സ്പീരിയെന്‍സുള്ള നേഴ്സിന്റെ മിടുക്കു കൊണ്ടോ, അതോ ഓടുന്ന വഴി കമല നേര്‍ന്ന നേര്‍ച്ചകളുടെ ഗുണം കൊണ്ടോ എന്നറിയില്ല, ബോധം വീണ്ടു കിട്ടിയ രോഗിയെ വീട്ടില്‍ ‍കൊണ്ടു പൊയ്‌ക്കോട്ടേയെന്നു ചോദിക്കാന്‍ ലേശം കഴിഞ്ഞ് ചെന്ന ബന്ധുക്കളോ, നേഴ്സുമാരോ, വാച്ചുമാനോ എവിടെയൊക്കെ നോക്കിയിട്ടും, എത്രയൊക്കെ വിളിച്ചിട്ടും ഡോക്ടറെ കണ്ടെത്താന്‍ കഴിഞ്ഞില്ല.

...അഞ്ചരക്കു വന്ന ഫോണിനു മറുപടിയായി ശുഷ്‌കകായന്‍ അനോണി ‍ ഇങ്ങനെ പറഞ്ഞു: 'ഹൈയ്, നിങ്ങള്‍ ഒന്നുകൊണ്ടും പേടിക്കണ്ടന്നേയ്, ഡോക്ടര്‍ സെയ്‌ഫായി ഇവ്‌ടെ എത്തീന്ന്... ഞാന്‍ വിജാരിച്ച്‌ ഏതോ പട്ടിക്കാട്ടു മൂലേണെന്ന്‌ , പക്ഷേങ്കില്‌ കൊച്ചുവെളുപ്പാന്‍ കാലത്തൂന്നെ ഇഷ്ടം പോലെ ഓട്ടോര്‍ഷയൊക്കെ കിട്ടൂലോ അവ്‌ടെ! ...സാരോല്ല, ഓട്ടോക്കാശ് ഞാന്‍ കൊടുത്ത്ണ്ട് ട്ടാ... ഇനീപ്പോ ഡോക്ടര്‍ക്കു വേണ്ടി നിങ്ങ അന്വോഷിച്ച് അധികം നട്ടം തിര്യേണ്ട......പോയിക്കെടന്ന് ഒറങ്ങാന്‍ നോക്ക് ! '

Saturday, September 20, 2008

കമല കഥകള്‍ - വാല്യം രണ്ട് നടന നൈപുണ്യം

"ട്ഠപ്പേ!"
ഓര്‍ക്കാപ്പുറത്ത് ചെകിട്ടത്ത് അടി വീണപ്പോള്‍ കമലയ്ക്കു കണ്ണില്‍ പൊന്നീച്ച പാറി. പകച്ചുപോയ കമല, പടക്കം പൊട്ടിക്കാന്‍ ലേഡീസ് ഹോസ്റ്റലിനു മുമ്പില്‍ച്ചെന്നപ്പോള്‍ ലുങ്കിക്കു തീപ്പിടിച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെപ്പോലെ, സര്‍‌വ്വം മറന്നു ചാടിപ്പോയി. പ്രിന്‍സിപ്പാളിന്റെ റൂമാണ്, വിചാരണ നടക്കുകയാണ് എന്നുള്ള കാര്യങ്ങളെല്ലാം വിസ്മരിച്ച് കഥാപുരുഷന്‍ , പിടുത്തം വിട്ട്, സോഡാക്കുപ്പി പൊട്ടിക്കുന്ന ശബ്ദത്തോടെ ഒന്നു വിതുമ്പുകയും ചെയ്തു. താഡനം കണ്ടു സ്‌തബ്‌ധയായ പ്രിന്‍സിപ്പാളും കൊണ്ടകമലയും ബോധം വീണ്ടെടുക്കാന്‍ വൈകുമെന്നു നിനച്ച അടിയുടെ ഉടമയാവട്ടെ, മുണ്ടും മടക്കിക്കുത്തി റൂമില്‍നിന്നും ഇറങ്ങുകയും എസ്കേപ്പ് എന്ന ക്രിയ അനുഷ്ഠിക്കുകയും ചെയ്തു!

കഥ പുറകോട്ട്:

കമല ഒന്നാം ക്ലാസ് കഴിഞ്ഞിരിക്കുന്നു, രണ്ടാം ക്ലാസ്സ് ആയിട്ടുമില്ല. അതായത്, ഓടുന്ന ട്രെയിനിന്റെ കക്കൂസില്‍ കര്‍മ്മം ചെയ്യാനിരിക്കുന്ന പോലുള്ള പരുവം. അന്നൊക്കെ ഒന്നിനും രണ്ടിനുമിടയ്ക്ക് ആറുമാസമാണ് വെക്കേഷന്‍ . മെഡിക്കല്‍ കോളേജില്‍ വരുന്നതിനു മുമ്പ് അങ്ങനെയൊരു അവധിവ്യാപാരത്തെക്കുറിച്ച് കമല കേട്ടിട്ടു പോലുമില്ലായിരുന്നു. പരീക്ഷകളില്‍ പങ്കെടുക്കുകയെന്നല്ലാതെ അതിന്റെ റിസല്‍ട്ടിനെക്കുറിച്ച് യാതൊരു വിധ വേവലാതിയുമില്ലാത്ത കാലമാണെന്നോര്‍ക്കണം. മോഡറേഷന്‍ ഇല്ലാത്തതുകൊണ്ട് പാസ്സാവുമെന്ന പേടിയൊട്ടില്ല താനും. ചിക്കന്‍പോക്സ് എന്ന അസുഖത്തിന്റെ അപാരമായ സാധ്യതയില്‍ , ആരു ചോദിച്ചാലും 'വൈവയുടെ സമയത്ത് രോഗിയായിരുന്നു, അതുകൊണ്ടാണ് ' എന്ന സുഖകരമായമായ ഉത്തരവും നല്‍കി കമല മെസ്സും കഴിച്ച്
ക്രൗണ്‍ ‍ തീയേറ്ററും ടെലിവിഷന്‍ ചാനലുകളും ഇറാഖ് യുദ്ധവുമൊക്കെയായി കാലം കഴിക്കുന്ന സമയം.

ക്ലാസ്സില്‍ പോവേണ്ടെങ്കില്‍ക്കൂടി, മാസാമാസം വീട്ടിലേക്കുള്ള പോക്കുവരവ് മുടക്കാതിരിക്കാന്‍ കമല ശ്രദ്ധ വെച്ചിരുന്നുവെന്നു പറയേണ്ടതില്ലല്ലോ. സെക്കന്‍ഡ് സാറ്റര്‍ഡേയ്ക്കു മുമ്പുള്ള വെള്ളിയാഴ്ച, വൈകിട്ടത്തെ മംഗളയ്ക്ക് ‌ കമല വീട്ടില്‍ച്ചെല്ലും. ചെല്ലുന്നതു തന്നെ അമ്മയുടെ കൈകൊണ്ടുണ്ടാക്കുന്ന ഭക്ഷണം കഴിക്കാനാണെന്നു വരുത്തിത്തീര്‍ക്കാന്‍ ‍, വിളമ്പുന്നതെന്തും പാത്രത്തോടെ വടിച്ചു തിന്നുകയും ചെയ്യും; ആക്‌റ്റിങ്ങാണെങ്കില്‍ക്കൂടി അതു വെടിപ്പായി ചെയ്യുകയെന്നത് കമലയുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതത്രെ! സ്വതവേ സംശയരോഗിയായ അച്ഛനെ ബോധിപ്പിക്കാന്‍ ‍, പിറ്റേന്ന് തേങ്ങയെണ്ണാന്‍ സഹായിച്ചോ, ഞാറു നടുന്നിടത്ത് വെള്ളം കൊണ്ടുകൊടുക്കാന്‍ പോയോ, സൈക്കിള്‍ കാരിയറില്‍ കന്നാസുമേറ്റി റേഷന്‍മണ്ണെണ്ണ വാങ്ങാന്‍ വൊളണ്ടിയര്‍ ചെയ്തോ കമല ഉത്സാഹിക്കും. ഒടുക്കം വൈകുന്നേരമാവുന്നതിനു മുന്‍പ് കണക്കു പറഞ്ഞ് അതിന്റെ കൂലിയും അമ്മാസത്തെ മെസ് ഫീയും വാങ്ങി റെക്കോഡ് വരക്കാനുണ്ട്, ഞായറാഴ്ച ഒന്നിനും നേരം കിട്ടാത്ത ദിവസമാണ് എന്നൊക്കെപ്പറഞ്ഞ് പാസഞ്ചര്‍ കേറി കോഴിക്കോട്ടെത്തും. അതാണു കാലഘട്ടം.

അങ്ങനെയൊരു രാത്രി, സാഗര്‍ ഹോട്ടലില്‍ നിന്നു ബിരിയാണിയും കഴിച്ച്, ക്യാമ്പസിലൂടെ പാട്ടും പാടി നടന്നു വരുമ്പോള്‍ , വിവരംകെട്ട ഏതോ ഒരു കാക്ക ഉന്നം തെറ്റിച്ച് ഒരിടത്ത് രണ്ടിനു പോയി. തലയില്‍ വീഴേണ്ടതു ഷര്‍ട്ടിലായതിനാല്‍ അലക്കേണ്ടി വരുമെന്നതിന്റെ വൈഷമ്യത്തില്‍ , കമല, കാക്കയുടെ തന്തക്കു വിളിച്ചുവെന്നതു ശരി തന്നെ, പക്ഷേ ശരിക്കുമമ്പരന്നതു വേറൊരു കാര്യം കൊണ്ടാണ്. മറുപടിയായി സ്ത്രീശബ്ദത്തില്‍ 'പോടാ പട്ടീ'യെന്ന അശരീരി എവിടുന്നാണു വന്നതെന്നു ഇരുട്ടത്ത് കമലയ്ക്കു മനസ്സിലായതേയില്ല. കണ്ണ്‌ തിരുമ്മി മേലോട്ടു നോക്കിയാല്‍ മിസൈലുകള്‍ വേറെയും വരുമെന്നറിയാവുന്ന കമലഹാസന്‍ , ആത്മസം‌യമനത്തോടെ നിലത്തു നോക്കിത്തന്നെ 'സംഗതി' ലേശം കൂട്ടി ഭക്തിഗാനം പാടിത്തുടങ്ങിയതും ലേഡീസ് ഹോസ്റ്റലിന്റെ സൈഡ്‌ഗേറ്റില്‍ മതിലും ചാരി ശൃംഗരിച്ചുകൊണ്ടു നിന്ന, തൊണ്ണൂറ്റൊന്നു മോഡല്‍ ഒരുത്തന്‍ ‍, നിഴലില്‍നിന്നു മാറി വെളിച്ചത്തോട്ടു വരികയും കമലയുടെ കൊങ്കയ്ക്കു പിടിക്കുകയും ചെയ്തു. കാമുകിയുടെ മുമ്പിലൊന്നു ഷൈന്‍ ചെയ്യാമെന്നു കരുതിയാണു കാര്യമറിയാതെ സിംഹവാലന്‍ പെരുമാറിയതെങ്കിലും, പെണ്ണൊരുത്തി മുമ്പില്‍ നില്‍ക്കുമ്പോള്‍ വിട്ടുകൊടുക്കുന്നതെങ്ങനെയെന്നു നിനച്ച് അഭിമാന ബോധമുള്ള കമല കൈമെയ് മറന്നൊന്നു കുതറി നോക്കി. കാര്യം വിശദീകരിക്കുവാന്‍ നേരം കിട്ടുന്നതിനു മുമ്പു തന്നെ സിംഹളന്‍ നിലത്തുവീഴുകയും പെണ്ണ് വാവിട്ടു നിലവിളിക്കുകയും ചെയ്തു.

ചുരുക്കിപ്പറഞ്ഞാല്‍ , കം‌പ്ലെയിന്റായി, എന്‍‌ക്വയറി ആയി, ഇനി ക്യാമ്പസില്‍ നില്‍ക്കണമെങ്കില്‍ അച്ഛനെ കൂട്ടിക്കൊണ്ടു വരണമെന്ന സ്ഥിതിയായി. അങ്ങനെ വേണ്ടി വന്നാല്‍‍ ഇനിയുള്ള കാലം നെല്‍‌പ്പാടത്ത്‌ കോലത്തിനു പകരമായി നിന്നു ജീവിതം കരിഞ്ഞു തീര്‍ക്കേണ്ടി വരുമെന്നറിയാവുന്ന കമല, സംഗതി ഒരാളോടൊഴികെ വേറാരോടും പറഞ്ഞില്ല. ആരോടെന്നുള്ളത്‌ അവിടെ നില്‍ക്കട്ടെ, എന്തു സംഭവിച്ചുവെന്നതാണു വിഷയം. ആ സംഭവത്തോടെ ഉപദേശി കമലക്ലബ്ബില്‍ ആജീവനാംഗത്വം നേടിയെന്നു മാത്രം പറഞ്ഞാല്‍ മതിയല്ലോ!

ഇരുചെവിയറിയാതെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയ സംഘം മുണ്ടിക്കല്‍ത്താഴത്തെ ദേശബന്ധു വായനശാലയിലേക്കാണു നേരെ പോയത്. സജീവമായിരുന്ന അവരുടെ നാടക സംഘത്തില്‍ നിന്നും ഒരു അച്ഛനെ വിട്ടുകിട്ടുമോയെന്നറിയാനാണു യാത്ര. കൃശഗാത്രനും കണ്ടാല്‍ ഓമനത്വം തോന്നിക്കുന്നവനുമായ പുഷ്പാംഗദനെയാണു കമലയ്ക്കിഷ്ടപ്പെട്ടതെങ്കിലും നായ്ക്കന്‍ ആയതുകൊണ്ട് റേറ്റ് ഒക്കാഞ്ഞതിനാല്‍ ഉദ്യമം പാളി. അമ്മാവന്‍ വേഷം ചെയ്യുന്ന മൃതപ്രായനായ കാര്‍ന്നോരെക്കണ്ടാല്‍ ‍, പിടിച്ചുകൊണ്ടുപോയതിനു ശിക്ഷ വേറെക്കിട്ടുമെന്നറിയാവുന്നതിനാല്‍ അയാളെയും വേണ്ടെന്നു വച്ചു. തൊമ്മിയായി കൂടെപ്പോയ മാന്യദേഹമാവട്ടെ, കമലയ്ക്കു പറ്റിയ പെങ്ങളെയോ അമ്മയെയോ നോക്കാമെന്നു കരുതി അടുക്കളഭാഗത്തായിരുന്നു വിളയാട്ടം മുഴുവന്‍ .

ഇതിനിടെ, വെടിമരുന്നു നിറക്കാന്‍ പാറ തുരക്കുന്നതിന്റെയെന്ന പോലുള്ള ശബ്ദം മലയാളത്തില്‍ പുറപ്പെടുവിച്ചുകൊണ്ട്, മീശപിരിച്ച്‌‌ ആരെയോ തെറിപറഞ്ഞുകൊണ്ട്, ഒരാജാനുബാഹു കയറിവന്നു. മുത്തപ്പന്‍ കാവിലെ സെക്യൂരിറ്റിക്കാരന്റെ മാതിരി പ്രകൃതം; മണലരിക്കാന്‍ കൊണ്ടുവന്ന അരിപ്പയ്ക്ക്‌ ഓട്ട വീണതുപോലുള്ള മുഖത്തുനിന്നും കാരുണ്യം വഴിഞ്ഞൊഴുകുന്ന ഒരു ജെന്റില്‍മാന്‍‍ . ‍‍വില്ലാളിവില്ലന്‍ കമലയുടെ ശ്രദ്ധയാകര്‍ഷിച്ചുവെങ്കിലും, സ്വന്തം പോട്ടെ, ശത്രുവിന്റെ പോലും അച്ഛനായി സങ്കല്പിക്കാന്‍ പറ്റാത്ത ഐറ്റം ആയിരുന്നു ടിയാന്‍ ‍. പക്ഷേ, ശ്രമം പാളിയതോര്‍ത്തു വിഷണ്ണരായ അവരെ, വിവരമറിഞ്ഞ അയാള്‍ കടത്തി വെട്ടി. ഒരുദിവസത്തേക്കല്ലേ, താന്‍ അഡ്ജസ്റ്റ് ചെയ്തോളാം, കാശ്‌ അഡ്വാന്‍സായി തരേണ്ടിവരും എന്ന ചിന്ന കണ്ടീഷന്‍ മാത്രം. മനസ്സില്ലാമനസ്സോടെയാണെങ്കിലും നമ്മുടെ നായകന്മാര്‍ സമ്മതിച്ചു. പക്ഷേ. അതിബുദ്ധിമാന്മാരായ തങ്ങളെ പറഞ്ഞു പറ്റിച്ച്, കാശടിച്ചു മാറ്റാനുള്ള ശ്രമമാണെങ്കില്‍ , അതു നടപ്പില്ല, കൂലി റൊക്കം വായനശാല സെക്രട്ടറി ഏറ്റുവാങ്ങണം എന്നു കരാര്‍ തീര്‍പ്പാക്കി ഒപ്പുവയ്ക്കുകയും ചെയ്തു. പേശിപ്പേശി, പറഞ്ഞതിലും നൂറു രൂപ കുറച്ചുകൊടുത്ത് തിരികെപ്പോരുമ്പോള്‍ ആരാണ്ടോ പിറുപിറുക്കുന്നത് കേട്ടെങ്കിലും മനസ്സിലതു രെജിസ്റ്റര്‍ ചെയ്യാന്‍ മെനക്കെടാതെ ടീം ഹോസ്റ്റലിലെത്തി ലേറ്റ്മെസ്സിന്റെ മുകളില്‍ പരിഭവം തീര്‍ത്തു.

പിറ്റേന്ന്, പത്തു മണിക്കു തന്നെ അപ്‌ഫന്‍ തിരുമേനി, വെളുത്ത ജുബ്ബയും മുണ്ടും ധരിച്ച് പ്രിന്‍സിപ്പാളിന്റെ ഓഫീസിനു മുന്നിലെത്തി. അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥതയെ തലേന്നു ചോദ്യം ചെയ്തത് ബുദ്ധിമോശമായിപ്പോയെന്നു തോന്നിയെങ്കിലും, സാരമില്ല, കാശുകൊടുത്തിട്ടല്ലേ, കൊടുത്തതിനു മാത്രമൊന്നും പറഞ്ഞില്ലല്ലോയെന്നൊക്കെ കമല ഓര്‍ക്കുകയുമുണ്ടായി. ഭവ്യതയോടെ മേഡത്തിന്റെ മുമ്പിലിരുന്ന് കാളപൂട്ട്, മുഞ്ഞ, മണ്ഡരി, പന്നിയൂര്‍ വണ്‍ എന്നീ ഗഹനങ്ങളായ വിഷയങ്ങളെപ്പറ്റി അപ്‌ഫന്‍ ആധികാരികമായി ഉപന്യസിക്കുന്നതിന്നിടെ,‍ കൃഷിക്കിടയില്‍ വിളിച്ചുവരുത്തേണ്ടി വന്നതില്‍ പ്രിന്‍സിപ്പാള്‍ ഖേദപ്രകടനം നടത്തുന്നതു കൂടി കണ്ടപ്പോള്‍ കമലയുടെ കണ്ണു നിറഞ്ഞുപോയി. പിതൃതുല്യമായ വാത്സല്യം അങ്ങേരോടു തോന്നുകയും ചെയ്തു.

രക്ഷിതാവിനെ വളരെയേറെ ഇഷ്ടപ്പെട്ടുപോയ പ്രിന്‍സിപ്പാള്‍ , ഉപസംഹാരത്തിനു മുമ്പ്, വെറുതെ തമാശയ്ക്ക്, ഇതൊന്നു നോക്കൂ, മോന്റെ വിക്രസുകള്‍ ഇതൊക്കെയാണു കേട്ടോ, ഇനി ഞാന്‍ നോക്കിക്കോളാം എന്നൊക്കെ പറയുകയും പരാതിപ്പുസ്തകം നാട്യമുനിയുടെ മുന്നിലേക്കു നിരക്കി വയ്ക്കുകയും ചെയ്തു. സീറ്റില്‍നിന്നുവിട്ട്, പഞ്ചപുച്ഛമടക്കി, വാലു താഴ്ത്തി നിന്ന കമലയെ ഒന്നു പാളി നോക്കിയ പിതാജി ഒട്ടുനേരം ചിന്താവിഷ്ടനായി കാണപ്പെട്ടുവെങ്കിലും പക്ഷേ, പരാതി വായിച്ചയുടനെ എഴുന്നേല്‍ക്കുകയും കമലയുടെ അടുത്തേക്കു നടക്കുകയുമാണ് ചെയ്തത്.

വിശിഷ്ടസേവാ മെഡല്‍ ഗവര്‍ണ്ണറില്‍ നിന്നും ഏറ്റുവാങ്ങാന്‍ നെഞ്ചും വിരിച്ചു നില്‍ക്കുന്ന പോലീസുകാരനെപ്പോലെ ഗമയില്‍ കണ്ണുമടച്ചു നിന്ന കമല, പക്ഷേ, സ്വപ്നത്തില്‍ വെടികൊണ്ട പട്ടാളക്കാരന്റെ അവസ്ഥയിലായിപ്പോയെന്നു പറഞ്ഞാല്‍ മതിയല്ലോ. പുച്ഛം, കരാര്‍ അടങ്കല്‍ത്തുകയില്‍ വന്ന കുറവ്, മെഡിക്കല്‍ എത്തിക്സ്, മെനക്കേട്, മിസല്യേനസ് തുടങ്ങിയവ എല്ലാം കൂടി ചേര്‍ത്ത്, ' പ്‌ഫ, പന്നീ, ഇതിനാണോടാ നിന്നെ ഞാന്‍ ഇത്രയും കാശു ചെലവാക്കി മെഡിക്കല്‍ കോളേജിലേക്കു പഠിക്കാന്‍ വിട്ടത്‌ ' എന്നുമാക്രോശിച്ചു കൊണ്ട് അതുല്യ നടന്‍ ഒറ്റ പൊട്ടീരാണ്‌....
.................
"ട്ഠപ്പേ!"

Saturday, August 9, 2008

കമല കഥകള്‍ : വാല്യം ഏഴ്

കോര്‍പ്പറേഷന്റെ ഉന്തുവണ്ടിയില്‍ തള്ളിക്കൊണ്ടുവന്ന്‌ കൊട്ടത്തേങ്ങ തട്ടിന്‍പുറത്തേക്കെന്നപോലെ കഡാവര്‍ റൂമിലേക്കു വലിച്ചെറിയപ്പെട്ടതും എണ്ണത്തോണിയില്‍ക്കിടന്നു ഇരുത്തം വന്നതുമായ ബോഡി, വിരല്‍ കൊണ്ടു ഞോണ്ടി നീക്കിയ പ്രൊഫസ്സര്‍ , ' ലെറ്റ് സൈലെന്‍സ് ബിഗിന്‍ , ലെറ്റ് ലാഫ്റ്റര്‍ ഫ്ലീ ' മാങ്ങാത്തൊലി, മണ്ണാങ്കട്ട എന്നൊക്കെ വലിയ വായില്‍ പറയുന്നതു കേട്ടപ്പോള്‍ കമലക്കു കോട്ടു വാ വന്നു. വന്നതും പോയതും പ്രൊഫസര്‍ അറിയുകയും ചെയ്തു. തൂണും ചാരി നിന്നു കമ്പി വലയിട്ട ജനലിലൂടെ പുറത്തേക്കു നോക്കി നിലകൊണ്ട കമലമനസ്സില്‍ കളങ്കം ലവലേശമില്ലായിരുന്നു. അതേക്കുറിച്ചുള്ള പഴഞ്ചൊല്ലുകളുടെ കഥ വേറെ വരുന്നുണ്ട്.

അലക്കിത്തേച്ച പുത്തന്‍ കോട്ട്‌ ചന്തിക്കടിയില്‍ ഞെരിയാതിരിക്കാന്‍ ഒന്നുപൊക്കി, നാണിത്തള്ള മീന്‍ കുട്ടയുമായി ചന്തയില്‍ ഇരിക്കുന്ന പോലെ, കമല ഉപവിഷ്ഠനായിരിക്കുകയായിരുന്നു. ക്യാമ്പസിലുള്ള കാക്കകളുടെ കലപില പോരാഞ്ഞ്,
ഒന്നാം ക്ലാസ്സുകാര്‍ അനാട്ടമി ഹാളിനകത്തും നഗ്നരായി കിടക്കുന്ന കഡാവറുകളെ അവജ്ഞയോടെ‍ നോക്കി, ഗ്വാ ഗ്വാ മുഴക്കിക്കൊണ്ടിരിക്കേയാണു പ്രൊഫസര്‍ പരിവാര സമേതം എഴുന്നള്ളുന്നത്. ഉല്‍സവപ്പറമ്പില്‍ പൊരിയും ഹല്‍വയും വില്‍ക്കാന്‍ നിരത്തിയ പെട്ടിവണ്ടികള്‍ കണക്കേയായിരുന്നു ടേബിളുകളും അതിനു ചുറ്റും പിള്ളേരും. കിഴക്കു നിന്നും പടിഞ്ഞാട്ടേക്കു മേശകള്‍ താണ്ടി സംഘപരിവാരന്‍ നടന്നു നീങ്ങിയപ്പോള്‍ , തിടമ്പെഴുന്നള്ളിക്കുമ്പോള്‍ പുരുഷാരം ഉറഞ്ഞു തുള്ളി ഗോയ്‌ന്ദ ഗോയിന്ദ വിളിക്കുന്നതു പോലെ അമറാനാണു കമലക്കു തോന്നിയത്.

അറ്റെന്‍ഡന്‍സ് എടുത്ത് കഴിഞ്ഞ് മാഷമ്മാരും ടീച്ചര്‍മാരും ഓരോരോ ബോഡിയിലേക്കു ചേക്കേറിയപ്പോള്‍ ഒരു നിയോഗം പോലെ കമലയുടെ ജീവിതത്തിലേക്കു കേറി വന്നത് കുടമാളൂരുകാരന്‍ ഉല്പലാക്ഷന്‍ സാറായിരുന്നു. അറം പറ്റിയ പോലുള്ള ആ സംഭവത്തിന്റെ വിശദാംശങ്ങളിലേക്ക്‌: ‍

ഉല്പലാക്ഷന്‍ സാറ്‌ കല്യാണം കഴിക്കാതെ തന്നെ വിഭാര്യനായ ഒരു വിശാരദനായിരുന്നു. താരന്‍ പെറുക്കി മാറ്റിയ മുടി ഒരു ഭംഗിയുമില്ലാതെ കോതിക്കെട്ടിയും അനാഗത ശ്മശ്രുവെന്നു പോലും വിളിക്കാന്‍ പറ്റാത്ത താടിരോമങ്ങളില്‍ത്തേച്ച എണ്ണ ഉഴിഞ്ഞുമിനുക്കിയും, പായല്‍ പിടിച്ച പല്ലുകളില്‍ ദ്രുത താളം വായിച്ചുമൊക്കെ, പാതി വെന്ത ചക്കക്കുരു ചവക്കും പോലെ സാറ് ഓരോരോ നാട്ടുവര്‍ത്തമാനങ്ങള്‍ പറഞ്ഞ് കുട്ടികളെ കയ്യിലെടുത്തപ്പോള്‍ ‌ ലവനാളു തരക്കേടില്ലെന്നു കമലയ്ക്കു തോന്നി. പെമ്പിള്ളേരെയും വിശിഷ്യാ കമലയെയും കടാക്ഷിച്ചു നടത്തിയ വായ്ത്താരി, ചില സന്ദര്‍ഭങ്ങളില്‍ പിടുത്തം വിട്ടപ്പോള്‍ ലാടനാണോയെന്ന ശങ്ക തോന്നുമായിരുന്നെങ്കിലും, ആകെക്കൂടി അന്ന്‌ ഉല്പു വിളയാടിയ ദിവസം ആയിരുന്നു. അദ്ദേഹം ജീവിതത്തില്‍ അര്‍മ്മാദിച്ച ഏക സന്ദര്‍ഭവും ഇനി വരാന്‍ പോകുന്നതു തന്നെയായിരുന്നിരിക്കണം..

വര്‍ത്തമാനം കഴിഞ്ഞ് പല ടേബിളുകളിലും അപ്പോഴേക്കും കയ്യാങ്കളി തുടങ്ങിയിട്ടുണ്ടായിരുന്നു. ആയുര്‍ വേദത്തിന്റെയും ഹോമോയിയോയുടെയുമൊക്കെ കളരികളില്‍ തുളുനാടന്‍ ശൈലി പയറ്റി വന്നവര്‍ , പുളപ്പ് കാണിക്കാന്‍ വേണ്ടി കഡാവറുകളെ അമ്പത്താറിനിടക്ക് ചീട്ടു മലര്‍ത്തും പോലെ പെരുമാറി ഷൈനിക്കുന്നുമുണ്ടായിരുന്നു. പണ്ട് പഴയ മൂര്‍ഖന്‌ അനുഭവഭേദ്യമായ ഫോര്‍മാലിന്റെ മണം കാരണമാണോ എന്നറിയില്ലെങ്കില്‍ കൂടിയും, ആരാധന നിറഞ്ഞൊഴുകുന്ന കണ്ണുകളിലൂടെ പിടകള്‍ ചേകവന്മാരെ നോക്കി ശ്രൃംഗരിക്കുന്നത് കമല അസ്വസ്ഥ മനസ്സോടെ കാണുകയുണ്ടായി. തിളങ്ങിയേ ഒക്കൂ എന്നു മനസ്സില്‍ കരുതുകയും ചെയ്തു.

ഉല്പു തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. ഇരുന്ന സ്റ്റൂളില്‍ നിന്നും നിരങ്ങിയിറങ്ങി അദ്ദേഹം, അടുപ്പിനടുത്ത് പൂച്ചകളെന്ന പോലെ ദൂരെ മാറിയിരിക്കുന്ന ഒന്നാം ക്ലാസുകാരുടെ ശ്രദ്ധ, മലര്‍ന്നു കിടക്കുന്ന ബോഡിയിലേക്കു ക്ഷണിച്ചു. പുഞ്ചപ്പാടത്ത് നടാന്‍ കൊണ്ടുവച്ച ഞാറ്‌ വരമ്പിന്റെ ഇരുവശത്തുമെന്ന കണക്കെ, ടേബിളിനു ചുറ്റും ഡിസെക്‌ഷന്‍ പഠിക്കാന്‍ ഫസ്റ്റ് ഇയര്‍ പൈതങ്ങള്‍‍ തിക്കിത്തിരക്കി. തിരക്കു തീരെ പ്രതീക്ഷിക്കാത്തതു
കൊണ്ടു പകച്ചു പോയ കമല, തൃശൂര്‍ പൂരത്തിനു അമിട്ടു പൊട്ടുമ്പോള്‍ ജനം ആയുമ്പോള്‍ കൂടെയെന്നതുപോലെ, തന്നാലാവുന്ന വിധം ചാഞ്ഞു നോക്കി. സൈക്കിളില്‍നിന്നു വീഴുമ്പോള്‍ ബാലന്‍സ് പിടിക്കാന്‍ സര്‍വ്വേക്കല്ലിലേക്കെന്ന പോലെ ഒരു സ്റ്റൂളില്‍ കാലു വച്ചു നോക്കിയപ്പോള്‍ അതു മറിഞ്ഞുവീണുവെങ്കിലും കമല അഡ്ജസ്റ്റ് ചെയ്തു മാനം കാത്തു. ഒരു കഥ അങ്ങനെ ക്ലബ്ബിനു നഷ്ടമാവുകയും ചെയ്തു.

ജഡമല്ലെന്നും, മാനവരാശിയുടെ ഉന്നമനത്തിനു്‌ വൈദ്യ ശാസ്ത്രപുരോഗതിക്കായി സ്വശരീരം വിട്ടുകൊടുത്ത ഏതോ പുണ്യാത്മാവിന്റെ ജീവസ്സുറ്റ ജീവിതമാണു മുന്നില്‍ക്കിടക്കുന്നതുമെന്നൊക്കെ ഉല്പു പറഞ്ഞപ്പോള്‍ മെഡിസിന്‍ പഠിക്കാന്‍ ഭാഗ്യം സിദ്ധിച്ചതില്‍
കമലയ്ക്കു്‌ അഭിമാനം തോന്നി. വളര്‍ന്നു വലുതാകുമ്പോള്‍ കണ്ടുപിടിക്കേണ്ട ഇന്‍വെന്‍ഷനുകളുടെ ഒരു ലിസ്റ്റും പുള്ളി മനസ്സിലോര്‍ത്തു.

ഉല്പു തുടര്‍ന്നു: "കുട്ടികളേ, അനാട്ടമി പഠിക്കുമ്പോള്‍ രണ്ടേ രണ്ടു കാര്യങ്ങളിലാണു മനസ്സിരുത്തേണ്ടത്. അതില്‍ ഒന്നാമത്തേത്, കഡാവര്‍ കണ്ടു നിങ്ങള്‍ ഭയപ്പെടരുത്. അമ്പരക്കരുത് തന്നെയുമല്ല, കോഞ്ഞാട്ട കളിക്കുകയുമരുത്. കാരണം മുകളില്‍ പറഞ്ഞതു തന്നെ. ആദ്യപടിയായി നമുക്കീ ശരീരം തൊട്ടുനോക്കിക്കൊണ്ടു തന്നെ തുടങ്ങാം. എല്ലാവരും വരൂ.."

പക്ഷേ ഒരുത്തനും അനങ്ങിയില്ല, വാഴയ്ക്ക് താങ്ങു വച്ച ശീമക്കൊന്നക്കമ്പു പോലെ, സകലകലാ വല്ലഭന്മാര്‍ ബലം പിടിച്ചിരുന്നു. വിടര്‍ന്ന കണ്ണുകളുമായി ഉല്പുവിനെത്തന്നെ നോക്കിക്കൊണ്ടു നിന്ന ഒരു തരുണിയാവട്ടെ, കാണെക്കാണെ മുഖത്ത് നിറയെ വിയര്‍പ്പു പൊടിഞ്ഞ്, കൈകാലുകള്‍ തളര്‍ന്ന്, കൂട്ടുകാരിയുടെ തോളിലേക്കു ചാഞ്ഞു. കമലക്കതു തീരെ ഇഷ്ടപ്പെട്ടില്ല, അബലകളായ ഇവറ്റകള്‍ എന്തിനിങ്ങോട്ട് കെട്ടിയെടുത്തുവെന്നു വരെ തോന്നിപ്പോയി. ക്രൈസിസ് മാനേജു ചെയ്തു കഴിഞ്ഞ് ഉല്പു കുട്ടികള്‍ക്കു ധൈര്യം പകരാനായി ആദ്യത്തെ പ്രസ്താവനയുടെ പ്രാക്റ്റിക്കല്‍ ഡെമോയിലേക്കു തിരിഞ്ഞു. കഡാവറിന്റെ മൂക്കില്‍ വിരലിട്ടു ഉല്പലാക്ഷന്‍ സാര്‍ തന്റെ നാക്കില്‍ തേച്ചുകൊണ്ട് പ്രസ്താവിച്ചു. " ഭയപ്പെടരുത്, അമ്പരക്കരുത്, കോഞ്ഞാട്ട കളിക്കുകയുമരുത്. ഞാന്‍ ചെയ്തതുപോലെ ചെയ്യാന്‍ കഴിവും ധൈര്യവും ഇക്കൂട്ടത്തില്‍ ആര്‍ക്കുണ്ട്? "

എല്ലാവരും ഭയന്നു പിന്മാറി. ബൈബിള്‍ സിനിമയില്‍ മോസസ് വടിയുയര്‍ത്തിക്കാണിക്കുമ്പോള്‍ കടല്‍ പിളര്‍ന്നു മാറിയ പോലെ കമലയ്ക്കായി എല്ലാവരും ഒഴിഞ്ഞു കൊടുത്തു. പ്രീഡിഗ്രിക്കാലത്ത് സുവോളജി ലാബില്‍ പിത്തു ചെയ്ത തവളയെ വീട്ടില്‍ക്കൊണ്ടു പോയി കാലു വറുത്തുതിന്ന പാരമ്പര്യമുള്ള കമല കൈ ചുരുട്ടിക്കേറ്റി മുന്നോട്ടു വന്നു. ആര്‍പ്പുവിളികളില്ലെങ്കിലും കുരവയുടെ അകമ്പടിയില്ലെങ്കിലും ക്ലബ്ബിന്റെ അഭിമാന ഭാജനമായി ഭാവിയില്‍ മാറേണ്ട കമല ധീരമായി ആ കൃത്യം നിര്‍വഹിച്ചു. നിലത്തു വീണ പത്തുപൈസാത്തുട്ട് കുനിഞ്ഞെടുക്കാന്‍ തുനിഞ്ഞ ബെന്‍സ് വാസുവിനെപ്പോലെ, ആശിര്‍വാദങ്ങള്‍ക്കായി കമല കുനിഞ്ഞു നില്‍ക്കേ ഇടിവെട്ടും പോലെ ഉല്പലാക്ഷന്‍ അലറി : "ഇനി രണ്ടാമത്തെ പാഠം: ഏകാഗ്രത...! നോക്കൂ, ഞാന്‍ ചൂണ്ടുവിരല്‍ മൂക്കിലും മോതിര വിരല്‍ വായിലും വച്ചു. നമ്മുടെ മിടുക്ക
ന്‍ ‍, എന്താ മോന്റെ പേരു്‌, ങ്ഹാ, കമല, തങ്കക്കുടം ഇപ്പോള്‍ ചെയ്തതു നിങ്ങള്‍ കണ്ടു കാണുമല്ലോ? ശ്രദ്ധയോടെ, ഏകാഗ്രതയോടെ വേണം നിങ്ങള്‍ അനാട്ടമി...." ബാക്കിയൊന്നും കേള്‍ക്കാന്‍ നില്‍ക്കാതെ, വെട്ടിയിട്ട വാഴ വീഴുമ്പോലെ, ഒരിരമ്പലോടെ കമല.

അനാട്ടമി പഠനം കഴിഞ്ഞ്‌ അന്നു വീണതാണു ക‍മല.
ക്ലബ്ബിന്റെ ശിലാസ്ഥാപനം അവിടെ നടന്നു. അങ്ങനെ.


Thursday, July 24, 2008

കമല കഥകള്‍ - വാല്യം മൂന്ന്

അക്കൊല്ലമാണ്‌ സ്പോട്ടിങ്ങിനു വെക്കാന്‍ ഫോറന്‍സിക് ഡിപാര്‍ട്മെന്റിന്‌ അഞ്ചടി അഞ്ചിഞ്ച് നീളമുള്ള ഒരു എട്ടടിവീരനെ കിട്ടുന്നത്. പാതിരാ നേരത്ത്‌ ടോര്‍ച്ചെടുക്കാന്‍ നേരം കിട്ടാതെ പറമ്പിലേക്ക്‌ ഓടേണ്ടി വന്ന ഏതോ ഹതഭാഗ്യന്റെ കാലില്‍ ചുറ്റി വരിഞ്ഞ നിലയിലായിരുന്നു ടിയാന്റെ എഴുന്നള്ളത്ത്. കെട്ടിയ കാലുമായി ഹന്ത ഭാഗ്യവാന്‍ ട്രോളിയില്‍ നേരെ ഓര്‍ത്തോ കാഷ്വാല്‍റ്റിയില്‍ ചെന്നു പെട്ട്, എക്സ്-റേയുമെടുത്തു വന്നപ്പോഴേക്കും ടോട്ടല്‍ സ്പെസിമന്റെ എണ്ണമങ്ങ് കൂടി: അനാട്ടമിയില്‍ കുട്ടിവേതാളങ്ങള്‍ക്കു കീറിപ്പഠിക്കാന്‍ ഒരു ബോഡിയും, ലാബിലേക്കായൊരു ഫുള്‍ ബോട്ടില്‍ പാമ്പും! ലവനെ വെറുതെയല്ല കന്നഡത്തില്‍ 'കട്ടിഗെ ഹാവു' എന്നും തെലുങ്കില്‍ 'കട്ട് ലെ പാമൂ' എന്നും പറയുന്നതെന്ന് ഓമനക്കുട്ടന്‍ വെറുതേ ഓര്‍ത്തു.

ലാബിലെ ജാറുകളില്‍ത്തപ്പി, അധ:ക്രൃതനായ ഒരു ചേരയെ കുപ്പിയില്‍ നിന്നും കുടഞ്ഞു കളഞ്ഞു ഫോര്‍മാലിന്‍ നിറക്കുന്നതിനിടക്കാണ്‌ ബംഗാരുവിന്റെ ജനിതക ഘടനയിലേക്ക്‌ ഓമനക്കുട്ടന്റെ ഓര്‍മ്മ പാളിയത്. അന്നാള്‍ വരെ ലാബിലെ റാക്കുകളിലൊന്നില്‍ ഒരു രാജവെമ്പാലയെപ്പൊലെ വിരാജിച്ചിരുന്ന ചേരന്‍ , വീരേന്ദ്രന്റെ ആകസ്മികമായ ആഗമനത്തില്‍ മനം നൊന്ത്, എണ്ണത്തോണിയില്‍ ചുരുണ്ടു കിടന്ന്‌, മഹാകവി ബാബു ആന്റണിയുടെ ഞാനപ്പാനയിലെ രണ്ടു വരികള്‍ ഗദ്ഗദത്തിന്റെ കൂടെ വിഴുങ്ങുകയും ചെയ്തു. വീരശൂര പരാക്രമിയും സര്‍വ്വോപരി താന്തോന്നിയുമായി, വാളുവെച്ച പോലെ കിടക്കുന്ന പാമ്പനെ നോക്കി, ഫോര്‍മാലിന്റെ മണത്തില്‍ ദ്വാരങ്ങള്‍ എരിയുന്നതു വകവെക്കാതെ, ഓമനക്കുട്ടന്‍ സംസ്ക്രൃതവും പറഞ്ഞിരുന്നുവെന്നത് ചരിത്രത്തില്‍ രേഖപ്പെടുത്തിയിരുന്നുവെന്നതു വേറെ.

പക്ഷേ, നമ്മുടെ പ്രതിപാദ്യ വിഷയം അതൊന്നുമല്ലല്ലോ!

പരീക്ഷയാണ്‌, പഠിച്ചതോ ഇല്ല, ഇനിയിപ്പോള്‍ ദൈവം തമ്പുരാനോട്‌ അഭ്യര്‍ത്ഥിക്കാത്തതിന്റെ പേരിലെങ്ങാനും പാസ്സാവാതിരിക്കേണ്ട എന്നു കരുതി അതിരാവിലെ ഏഴരമണിക്കെണീറ്റ് കമല അമ്പലത്തിലോട്ടു പോയി. നീലത്തെ കണ്ടു, ഭസ്മവും പൂശി എന്നല്ലാതെ, പോയ കാര്യമൊട്ടു നടന്നതുമില്ല, ഒരു അമ്പലക്കാളയെപ്പൊലെ നടക്കു ചുറ്റും മണ്ടി നടന്നു എന്നു മാത്രം. അനാട്ടമി ഓറലിനു ലീലാമ്മയുടെ മുമ്പില്‍ ചെന്നു പെട്ട പോലെ , വെറുതെ നേരം കളഞ്ഞു, കമല തിരിയെപ്പോന്നു.

പത്തു മണിയടുപ്പിച്ച് കമലയുടെ പിന്നില്‍ അണികളെപ്പോലെ ഞങ്ങളെല്ലാം ഡിപാര്‍ട്മെന്റിലെത്തി. പോലീസ് സ്റ്റേഷനില്‍ ഒപ്പിടാന്‍ ചെന്ന പോക്കറ്റടിക്കാരെപ്പോലെ ഭവ്യതയോടെ ലാബിനു പുറത്തു തൊഴുതു നിന്നു. ഇതെത്ര കണ്ടിരിക്കുന്നു, ഇനിയെത്ര കാണാന്‍ കിടക്കുന്നു എന്നുള്ള മട്ടില്‍ പുല്ലും ചവച്ചോണ്ടു ഞങ്ങള്‍ അവിടെ പരിലസിച്ചപ്പോള്‍ , കമലയാവട്ടെ ഉള്ളില്‍ നടക്കാന്‍ പോവുന്ന കാര്യത്തെക്കുറിച്ചു നല്ല നിശ്ചയമുള്ളതു പോലെ, കൈരളി ടിവിക്കു ഇന്റര്‍വ്യു കൊടുക്കുന്ന നിഷ്കാമ കര്‍മയോഗിയെപ്പോലെ ചകിതനായും പിടിവിട്ടു പോയവനെപ്പോലെയും കാണപ്പെട്ടു.

പരീക്ഷ തുടങ്ങിയതോ തീര്‍ന്നതോ ഒന്നും ഞങ്ങളാരും അറിഞ്ഞില്ല; നോട്ടം അത്രയ്ക്കു വൈഡ് സ്ക്രീന്‍ മോഡിലായിരുന്നു. ഈരണ്ടു മിനുട്ടു വീതമുള്ള സ്പോട്ടറുകള്‍ക്കു മുമ്പില്‍ ചെന്ന്‌ പേനകുടഞ്ഞും പെന്‍സില്‍ കൂര്‍പ്പിച്ചും റബ്ബര്‍ മണത്തു നോക്കിയുമെല്ലാം ഞങ്ങള്‍ ബുദ്ധിയും ബുദ്ധിമുട്ടും അഭിനയിക്കുകയുണ്ടായി. സ്റ്റേഷന്‍ എത്താറാവുമ്പോള്‍ കക്കൂസിനു മുന്നില്‍ തിക്കിത്തിരക്കുന്ന ട്രെയിന്‍ യാത്രികരെപ്പോലെ എല്ലാവരും ലാബില്‍ പറന്നു നടന്നു. യാതൊരു വൈഷമ്യവും കൂടാതെ അങ്ങനെ പരീക്ഷയും ഞങ്ങള്‍ വിജയിപ്പിച്ചു. സ്പെസിമനെക്കുറിച്ചും സമയം തികയാത്തതിനെക്കുറിച്ചും ബെല്ലടിച്ചത് കേള്‍ക്കാത്തതിനു പ്യൂണിനെ ശകാരിച്ചുമൊക്കെ പഠിപ്പിസ്റ്റുകള്‍ ഘോരഘോരം വായ്ത്താരി മുഴക്കുമ്പോള്‍ , ഞങ്ങളിറങ്ങി നേരെ മെസ്സിലോട്ടു വിട്ടു. മുഴുപ്പുള്ള മീന്‍ വിളമ്പിയ പാത്രങ്ങള്‍ തെരഞ്ഞു പിടിച്ച് 'ഏറ്റെടുത്ത വര്‍ക്ക് ' ശുഷ്കാന്തിയോടെ തുടങ്ങുകയും ചെയ്തു.

എന്നാല്‍ അമൃതേത്ത് കഴിഞ്ഞതോടെ സംഗതികള്‍ ആകെ മാറി. കൊന്നാലും വൈവക്കു പോകില്ലെന്ന് പ്രഖ്യാപിച്ച് കമല കട്ടിലില്‍ ചക്കവെട്ടിയിട്ട പോലെ കിടന്നു. അത്രയിടം വരെ വന്നു തന്നാല്‍ മതി, തിരിയെപ്പോരുമ്പോള്‍ കോഫീ ഹൗസില്‍ ഉണ്ടമ്പൊരി റെഡിയായിട്ടുണ്ടാവും, കഴിച്ചേച്ച് പോരാവുന്നതല്ലേയുള്ളൂ തുടങ്ങിയ പ്രലോഭനങ്ങള്‍‍ക്കൊന്നും കമലയുടെ പിഞ്ചു മനസ്സിനെ ചലനം കൊള്ളിക്കാന്‍ ആയില്ല.

ഒടുക്കം ഉച്ചയ്ക്ക്, വിഷണ്ണരായ മാടുകള്‍ ലോറിക്കു പിന്നില്‍ നിരന്നു നില്‍ക്കുന്ന പോലെ കമലയില്ലാതെ ഞങ്ങള്‍ പരീക്ഷാ ഹാളിനു വെളിയില്‍ കുന്തിച്ചിരുന്നു കോട്ടുവായിട്ടു.


അന്നൊക്കെ മാഷന്മാര്‍ വൈവകള്‍ക്കിടയിലാണ്‌ ഉത്തര പേപ്പര്‍ നോക്കാറുണ്ടായിരുന്നത്‌. ചിരിച്ചും കളിച്ചും ടീച്ചര്‍മാരോടു ശ്രൃംഗരിച്ചുമൊക്കെ കുഴമ്പു പരുവത്തിലാണ്‌ മാര്‍ക്കൊക്കെ വീഴാറ്. പങ്കെടുക്കുക, വിജയിപ്പിക്കുക എന്നതാണു കമല ക്ലബ്ബിന്റെ മുദ്രാവാക്യമെന്നതിനാല്‍ തീരെ താല്പര്യമില്ലെങ്കില്‍ കൂടിയും, തല ചൊറിഞ്ഞും മുഖം വക്രിച്ചും തൂവാലയെടുത്തു നെറ്റി കൂടെക്കൂടെ തുടച്ചും, ഓറലിനു അനുവര്‍ത്തിക്കാനുള്ള ടാക്റ്റിക്സ് ഞങ്ങള്‍ റിഹേഴ്സല്‍ ചെയ്തു. അങ്ങനെ ഉള്ളിലേക്കു ചെല്ലാനുള്ള ഉള്‍വിളിയും കാത്തു ഞങ്ങള്‍ കെട്ടിക്കിടക്കുമ്പോഴാണു അകത്തു നിന്നും മാഷന്മാര്‍ അലറിച്ചിരിക്കുന്നതു കേള്‍ക്കുന്നത്‌. ചിരിച്ചു ചിരിച്ചു ടീച്ചര്‍മാര്‍ ചക്ക കുഴയുന്നപോലെ കുഴയുന്നതു കണ്ടപ്പോള്‍ ഏകദേശ രൂപം പിടികിട്ടിയെങ്കിലും പരസ്പരം മുഖത്തു നോക്കാതെ ചക്രവാള്‍ ലക്ഷ്യമാക്കി നോട്ടമയക്കുകയാണു, ഒറ്റയെണ്ണം ഒഴിവാവാതെ, എല്ലാവരും ചെയ്തത്‌.

ഒരു തലതെറിച്ച പരീക്ഷകന്‍ ഇറങ്ങി വന്ന്‌ ഉത്തരക്കടലാസു പൊക്കിക്കാണിച്ച് പേപ്പര്‍ ആരുടേതാണെന്നു ചോദിച്ചപ്പോള്‍ നിഷ്കളങ്കരായ വഴിപോക്കരേപ്പോലെ ഞങ്ങള്‍ ഇളിച്ചു നിന്നു.

പക്ഷേ സംഗതി മനസ്സിലായപ്പോള്‍ എല്ലാവരും ഒന്നുഷാറായി.
കമല ക്ലബ് പ്രശ്നം അവിടെ വച്ചു തന്നെ ഏറ്റെടുത്തു.

കാര്യം, സ്പോട്ടിങ്ങിനു നമ്മുടെ വീരപ്പനെ വച്ചിരുന്നതു കണ്ടപ്പോള്‍ ഉത്തര കര്‍ത്താവിനു സംഗതി പിടികിട്ടി, സാധനം പാമ്പു തന്നെ. വര്‍ഗ്ഗീയ വിഷം വമിക്കുന്ന ഏതോ ഉഗ്രവാദിയാണു ടിയാന്‍ എന്നും അദ്ദേഹം ഊഹിച്ചു. എത്ര ചുഴിഞ്ഞാലോചിച്ചിട്ടും ഐറ്റം എതെന്നു പിടികിട്ടാതെ മാന്യ ദേഹം പക്ഷേ, ഉത്തരക്കടലാസില്‍ , ചുവന്ന മഷിയില്‍ വട്ടം വരച്ചതിനുള്ളില്‍ , എഴുതി വച്ചിരുന്നത്‌ ഇങ്ങനെ ആയിരുന്നു...

M-O-O-R-K-K-A-N........!










ഡിസ്‌ക്ലെയ്‌മര്‍ : പരാമര്‍ശ വിഷയമായ പാമ്പന്‍ , കോബ്ര വിഭാഗത്തില്‍ പെട്ടവനല്ല. എട്ടടിവീരന്‍ , ശംഖുവരയന്‍ എന്നൊക്കെയാണു പ്രശസ്തിയെങ്കിലും പേരില്‍ മാത്രമേ മൂര്‍ഖത്തരം ഉള്ളൂ. ബങ്കാരസ് ജനുസില്‍‌പ്പെട്ടവനും നല്ലനടപ്പുകാരനുമായ ടിയാനെയാണു അദ്ദ്യേം മൂര്‍ഖനായി തെറ്റിദ്ധരിച്ചതും, വിഷമിറക്കി കുപ്പിയിലടച്ചതും. ബ്ലോഗ് വായിച്ചവര്‍ ലവന്റെ ഇംഗ്ലീസ്‌ പരിതാപകരം, ഇതില്‍ തമാശയെന്തോന്നു എന്നൊക്കെക്കരുതി പുച്ഛിച്ചു ചിരിച്ചതായി വാര്‍ത്ത വന്ന സാഹചര്യത്തിലാണു വിശദീകരണം. ഇതിത്ര കഠിനമാവുമെന്ന് കമലയൊട്ടു നിരീച്ചതുമില്ല.

Tuesday, June 10, 2008

സിദ്ധാന്തം കമലാന്ത്യം.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍

തൊണ്ണൂറുകളുടെ തുടക്കത്തില്‍

മെഡിസിനു ചേര്‍ന്ന്,

താങ്ങാനാവാത്ത

ക്രിയേറ്റിവിറ്റി

അടിപ്പടലയോടെ

തലക്കു പിടിച്ചപ്പോള്‍ ,

വേറൊന്നും

ചെയ്യാനില്ലാത്തതു കൊണ്ട് ‍ ,

ഒരു പണിയായിക്കോട്ടേന്നു കരുതി,

പരദൂഷണ വ്യവസായം

ആരംഭിച്ച

സുമുഖരും

സല്‍സ്വഭാവികളും

തങ്കപ്പെട്ട മനസ്സുള്ളവരുമായ


ഒരുപറ്റം

ബു ദ്ധി രാ ക്ഷ സ ന്മാ ര്‍ !